രാജപുരം: സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ ബക്കറ്റെടുക്കാൻ വീണ്ടും പുഴയിലിറങ്ങിയ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൂന്നാം വർഷ ബിഎസ്സി ലൈഫ് സയൻസ് വിദ്യാർഥി കാരാക്കോട് തോണിക്കല്ലിലെ വി.എം. അശ്വിൻരാജ് (19) ആണ് മരിച്ചത്.
ഇന്നലെ കോളജിൽ നടന്ന കായികമത്സരങ്ങൾക്കുശേഷം വൈകുന്നേരം കുടുംബൂർ പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കുളി കഴിഞ്ഞ് എല്ലാവരും കരയ്ക്ക് കയറിയപ്പോൾ ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുകിപ്പോകുന്നതുകണ്ട് എടുക്കാനായി അശ്വിൻ വീണ്ടും പുഴയിലിറങ്ങുകയായിരുന്നു. നിയന്ത്രണം തെറ്റി മുങ്ങിത്താഴുന്നതുകണ്ട് സഹപാഠികൾ പുഴയിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിയെത്തിയ നാട്ടുകാരാണ് അശ്വിനെ കരയിലെത്തിച്ചത്. ഉടൻതന്നെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുളവന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ തോണിക്കല്ലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരിമാർ: അശ്വതി (താത്കാലിക ഫാർമസിസ്റ്റ്, പൂടംകല്ല് താലൂക്ക് ആശുപത്രി), ഐശ്വര്യ.